
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവിൽ ഈ മാസം 15-നാണ് കൊലപാതകം നടന്നത്.
ബല്ലാരി സ്വദേശിയാണ് പ്രശാന്ത്. ഒൻപത് മാസം മുമ്പ് രേഷ്മയെ വിവാഹം ചെയ്ത ശേഷം ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് താമസിച്ചിരുന്നത്. രേഷ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവ് മരിച്ചുപോയി. ഒരു മകളുണ്ട്. രേഷ്മ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രേഷ്മയും പ്രശാന്തും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും വിവാഹിതരവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റി. രേഷ്മയുടെ മകളും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബർ 15-ന് വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ രേഷ്മയുടെ മകളാണ്, കുളിമുറിയിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടത്. കുളിമുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രശാന്ത് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടി ബെംഗളൂരുവിലുള്ള രേഷ്മയുടെ ചേച്ചി രേണുകയെ വിവരമറിയിച്ചു. രേണുകയെത്തി രേഷ്മയെ ആശുപത്രിയിൽ എത്തിച്ചു.
ബല്ലാരിയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പറഞ്ഞ പ്രശാന്തും വൈകാതെ ആശുപത്രിയിലെത്തി. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് രേഷ്മയുടെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. വൈകുന്നേരം താൻ വീട്ടിൽ നിന്ന് പോകുമ്പോൾ രേഷ്മ കുളിക്കാൻ ഒരുങ്ങുകയായിരുന്നെന്നും ഹീറ്ററിൽ നിന്ന് വൈദ്യുതാഘാതമേറ്റായിരിക്കാം മരണം സംഭവിച്ചതെന്നുമാണ് ഭർത്താവ് ആദ്യം മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ രേഷ്മയുടെ മരണത്തിൽ സംശയം തോന്നിയ രേണുക ഒക്ടോബർ 16ന് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുളിമുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന രേഷ്മയുടെ മകളുടെ മൊഴി നിർണായകമായി. തലേദിവസം അമ്മ മറ്റൊരാളുമായി സംസാരിക്കുന്നതിൽ സംശയം തോന്നി പ്രശാന്ത് അമ്മയുമായി വഴക്കിട്ടിരുന്നതായും മകൾ വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. അന്നുതന്നെ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു.
ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം തോന്നിയെന്നും ആ ദേഷ്യത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പ്രശാന്ത് പറഞ്ഞു. മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. വൈദ്യുതാഘാതമേറ്റ് മരിച്ചതായി വരുത്തിത്തീർക്കാൻ വാട്ടർ ഹീറ്റർ ഓൺ ചെയ്തെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രശാന്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.