ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…കൊലപാതകമെന്ന് പൊലീസ്…

        

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിന്‍ ജോര്‍ജാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതി ലോഡ്ജില്‍ വന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ഗ്രീന്‍ ഇന്‍ ലോഡ്ജില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ആസ്മിന(40)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബിബിന്‍ ജോര്‍ജ് ഭാര്യയെന്ന് പരിചയപ്പെടുത്തി താന്‍ ജോലി ചെയ്യുന്ന ലോഡ്ജിലേക്ക് ആസ്മിനയെ കൊണ്ട് വരികയായിരുന്നു. എന്നാല്‍ രാവിലെ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറക്കുമ്പോഴാണ് ആസ്മിന മരിച്ചു കിടക്കുന്നത് കാണുന്നത്. ആസ്മിനയുടെ കയ്യില്‍ മുറിവുണ്ടായിരുന്നു. ഇതിന് പിന്നാലെ ലോഡ്ജ് ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു. അപ്പോഴേക്കും ബിബിന്‍ ജോര്‍ജ് ഒളിവില്‍ പോയിരുന്നു.
Previous Post Next Post