യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിൽ ഐ ഗ്രൂപ്പിൽ കടുത്ത അതൃപ്തി. അപമാനിച്ചു എന്ന വിലയിരുത്തലിൽ അബിൻ വർക്കി. രണ്ടുവർഷം മുൻപ് നിഷേധിച്ച സ്ഥാനം തലയിൽ കെട്ടിവച്ചു. സംഘടനാ ചട്ടക്കൂടിൽ സംസ്ഥാന വൈസ് പ്രസിഡന്റിനെക്കാൾ പ്രാധാന്യം കുറഞ്ഞ പദവിയാണ് ദേശീയ സെക്രട്ടറി എന്നും വിലയിരുത്തൽ. അബിൻ വർക്കി നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.

വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിലും ഐ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പില്‍ 1,70,000 വോട്ടുകള്‍ അബിന്‍ വര്‍ക്കിക്ക് ലഭിച്ചിരുന്നു. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്.

കെപിസിസി, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ്. ഗ്രൂപ്പ് – സാമുദായിക സമവാക്യം, നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍, എ ഗ്രൂപ്പ് നേതാവ് കെ സി വേണുഗോപാലുമായുള്ള അടുപ്പം എന്നിവ ഒ ജെ ജനീഷിന് അനുകൂല ഘടകങ്ങളായിരുന്നു. അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തലയും കെ എം അഭിജിത്തിനായി എം കെ രാഘവന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും സജീവമായി രംഗത്തുണ്ടായിരുന്നു.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി അബിന്‍ വര്‍ക്കിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടക്കുന്നതെന്ന് വിലയിരുത്തലിലാണ് അബിന്‍ വര്‍ക്കി. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാത്ത ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയതിലും ഐ ഗ്രൂപ്പില്‍ അതൃപ്തിയുണ്ട്.