അതിനിടെ, കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിജയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക, സാമുഹിക പ്രവര്‍ത്തരുടെ കൂട്ടായ്മ രംഗത്തെത്തി. എഴുത്തുകാര്‍, കവികള്‍, ചിന്തകര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട കൂട്ടായ്മയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. 300 പേര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കി. വിജയ് പങ്കെടുത്ത മുന്‍ പരിപാടികളില്‍ ഉള്‍പ്പെടെ ഉണ്ടായ സംഭവങ്ങളുമായും കരൂരില്‍ ഉണ്ടായ സുരക്ഷാ, ഭരണ സംവിധാനങ്ങളിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ടിവികെ പരിപാടികളില്‍ ആളുകള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഭക്ഷണമോ വെള്ളമോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ ആളുകള്‍ക്ക് ഏഴ് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നു. വിജയ് സഞ്ചരിച്ച വാഹനത്തെ പിന്തുടരാന്‍ നിര്‍ബന്ധതരായി എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.