മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച അന്വേഷണസംഘം എരുമേലിയിലേക്കുള്ള വഴിയില്‍ ബിനുവിനെ കണ്ടതോടെ പിടികൂടാന്‍ ശ്രമിച്ചു. പൊലീസുകാരെ കണ്ടയുടന്‍ ബിനു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, മാഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ഇയാളെ കുടുക്കുകയായിരുന്നു. ''പിടി! പിടി!'' എന്ന വിളികളോടെയാണ് പ്രദേശവാസികളുടെ മുന്നില്‍ വച്ച് ഇയാളെ പിടികൂടിയത്.
പിടിയിലായ ബിനുവിനോട് പൊലീസ് പ്രാഥമികമായി ചോദ്യംചെയ്തപ്പോള്‍, സമീപകാലത്ത് നടന്ന നിരവധി മോഷണങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ചതായാണ് വിവരം. സ്വര്‍ണ മോഷണങ്ങള്‍ ഉള്‍പ്പെടെ ചില പഴയ കേസുകളിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയം പൊലീസ് പരിശോധിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസം മുന്‍പ് ഉടമ വായ്പയെടുത്ത് വാങ്ങിയ സ്‌കൂട്ടര്‍ മോഷ്ടിച്ചതാണ് ബിനുവിനെതിരായ ഏറ്റവും പുതിയ കേസ്. അറസ്റ്റ് ചെയ്ത ശേഷം ബിനുവിനെ കടയ്ക്കരികില്‍ ഇരുത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ആറന്മുള പൊലീസിന്റെ നേതൃത്വത്തിലുള്ള ഈ പിടിയിലൂടെ, പ്രദേശത്ത് തുടര്‍ച്ചയായി നടന്ന ചെറിയ മോഷണങ്ങള്‍ക്കും കടകുത്തല്‍ സംഭവങ്ങള്‍ക്കും പിന്നിലെ മുഖ്യ പ്രതി പിടിയിലായതായി പൊലീസ് വ്യക്തമാക്കി.