ദില്ലി : താൻ പ്രണയിച്ചിരുന്നയാള്‍ വിവാഹിതനാണെന്ന സത്യം അറിഞ്ഞതിനെത്തുടർന്ന്, കാമുകനെ ക്രൂരമായി ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതിയെ മലേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു.ഈ മാസം എട്ടാം തീയതിയാണ് മലേഷ്യയിലെ ജോഹോറിലുള്ള കംപുങ് ലോകെൻ പ്രദേശത്ത് സംഭവം നടന്നത്.
ബംഗ്ലാദേശ് സ്വദേശികളായ 33-കാരനായ യുവാവും 34-കാരിയായ യുവതിയും മലേഷ്യയില്‍ വെച്ചാണ് അടുപ്പത്തിലായത്. എന്നാല്‍, യുവാവ് നാട്ടിലുള്ള ഭാര്യയുമായി നിയമപരമായി ബന്ധം തുടരുകയാണെന്നും വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും യുവതി പിന്നീട് കണ്ടെത്തുകയായിരുന്നു.
വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് തന്നെ വഞ്ചിച്ചതില്‍ യുവതിക്ക് കടുത്ത ദേഷ്യമുണ്ടായി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതർക്കം നടന്നു. തർക്കത്തിനിടെ യുവതി കത്തി ഉപയോഗിച്ച് കാമുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ ജനനേന്ദ്രിയം പൂർണ്ണമായി മുറിഞ്ഞുപോവുകയും ഇടതു കൈക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ യുവാവ് നിലവില്‍ ജോഹോർ ബഹ്‌റുവില്‍ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. കുറ്റകൃത്യം നടന്ന് ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതിയായ യുവതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ യുവതിക്ക് മുൻപ് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ലഹരിയോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, യുവതിക്ക് കൃത്യമായ ഇമിഗ്രേഷൻ രേഖകള്‍ ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്