ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങി.. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കൽമണ്ഡപം പനംകളത്തെ പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് ചെമ്മങ്കാട് സുധീഷ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പ്രദേശവാസികളാണ് പാടത്ത് വീണു കിടക്കുകയായിരുന്ന ഇയാളെ കണ്ടെത്തിയത്. വാർഡ് മെംബർ എ.അബുതാഹിറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നു കസബ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ചെളിവെള്ളം കെട്ടിനിന്ന പാടത്തു നിന്ന് ഇയാളെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മന്തക്കാട്ടെ ഹോട്ടലിൽ പാചകത്തൊഴിലാളിയാണ്.

ഇന്നലെ ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഇയാൾ ഹോട്ടലിൽ നിന്നു വീട്ടിലേക്കു മടങ്ങിയത്. പനംകളത്തെത്തി വിശ്രമിക്കുമ്പോൾ അപസ്മാരം വന്നു കുഴഞ്ഞു പാടത്തേക്കു വീണതാകാമെന്നാണു പൊലീസ് നിഗമനം. കനത്ത മഴയുണ്ടായിരുന്നതിനാൽ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. സ്ഥലത്തു നിന്നു സുധീഷിന്റെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മറ്റു ദുരൂഹതകളില്ലെന്നു കസബ പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സുചിത്രയാണ് സുധീഷിന്റെ ഭാര്യ. മകൾ അഭിനിധി. ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കസബ പൊലീസും പാലക്കാട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

Previous Post Next Post