ബസിൽ കൃത്രിമമായി തിക്കും തിരക്കും സൃഷ്ടിച്ച് 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ


മഞ്ചേരിയിൽ ബസ് യാത്രക്കാരൻ്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവായ ഒളവട്ടൂർ സ്വദേശി അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി സ്വദേശി ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി സ്വദേശി ദുൽക്കിഫ്ലി (45) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

സംഭവം ഒക്ടോബർ 23-ന് വൈകുന്നേരം നാല് മണിയോടെയാണ് നടന്നത്. മഞ്ചേരി പട്ടർകുളം സ്വദേശിയായ 61 വയസ്സുകാരൻ്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാൻഡിൽ വെച്ച് ബസിൽ കയറുന്നതിനിടെ ഇവർ കൃത്രിമമായി തിരക്കുണ്ടാക്കുകയും, ആരും ശ്രദ്ധിക്കാത്ത തക്കം നോക്കി യാത്രക്കാരൻ്റെ പാന്റിന്റെ പോക്കറ്റ് മുറിച്ച് 25,000 രൂപയും 14,000 യു.എ.ഇ ദിർഹവും (ഏകദേശം 3,50,000 രൂപ) ഉൾപ്പെടെ 3.75 ലക്ഷം രൂപ കവരുകയുമായിരുന്നു. പോക്കറ്റിൽ നിന്ന് പണം താഴെ വീണതാവാമെന്ന് കരുതി യാത്രക്കാരൻ സ്റ്റാൻഡിൽ ഇറങ്ങി.

തുടർന്ന് ബസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രധാന പ്രതികളായ അബ്ദുല്ലക്കോയയും ജുനൈസുദ്ദീനും മുൻപും സമാനമായ മോഷണക്കേസുകളിൽ പ്രതികളാണ്

Previous Post Next Post