കഴിഞ്ഞ രണ്ട് മാസത്തിനിടെ പുറത്തുവന്ന മൂന്ന് ആത്മഹത്യ കുറിപ്പുകളാണ് ആർഎസ്എസ്, ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമം മൂലം മാനസികാരോഗ്യം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത അനന്തു അജി, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ, തിരുവനന്തപുരത്തെ തന്നെ ആർഎസ്എസ്, ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പി ഇവരുടെ ആത്മഹത്യകളും മരണങ്ങളുടെ കാരണങ്ങൾ പറയുന്ന കുറിപ്പുകളുമാണ് ബിജെപി,ആർഎസ്എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി ജില്ല ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യ ബിജെപി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കി. വാർഡ് കമ്മിറ്റി ഓഫീസിലാണ് തിരുമല അനിൽ ആത്മഹത്യ ചെയ്തത്. അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് ആത്മഹത്യ. എന്നാൽ, പുറത്തുവന്ന ആത്മഹത്യ കുറിപ്പ് ബിജെപി നേതൃത്വത്തെ പിടിച്ചുലച്ചു. വായ്പ എടുത്ത പല നേതാക്കളും തിരിഞ്ഞ് നോക്കാതായതോടെയാണ് ജീവിതം പ്രതിസന്ധിയിലായി അനിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിലെ ‘ താൻ എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’ എന്ന ഭാഗം മാത്രമാണ് ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ആത്മഹത്യ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തു വെച്ചാണ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്ത് വെച്ച് ആത്മഹത്യ ചെയ്തത്. ആദ്യം ഒരു കുറിപ്പാണ് പുറത്തുവന്നതെങ്കിൽ ദിവസങ്ങൾക്ക് ശേഷം അനന്തു അജിയുടെ മരണമൊഴി എന്ന രീതിയിലുള്ള വിഡിയോ സന്ദേശവും പുറത്തുവന്നു. ആർഎസ്എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനം ആത്മഹത്യയിലേക്ക് നയിച്ചതിനെ കുറിച്ച് വിശദമായി പറയുന്നതായിരുന്നു ആത്മഹത്യ കുറിപ്പും പിന്നീട് പുറത്തുവന്ന വീഡിയോ സന്ദേശവും. ആത്മഹത്യ കുറിപ്പിൽ പ്രതിപാദിക്കുന്ന ആർഎസ്എസ് നേതാവിനെതിരെ കേസെടുക്കുകയും ചെയ്തു.
ശനിയാഴ്ച ആത്മഹത്യ ചെയ്ത ആനന്ദ് കെ.തമ്പിയുടെ ആത്മഹത്യ കുറിപ്പുകളും ബിജെപി,ആർഎസ്എസ് നേതൃത്വത്തെ സാരമായി ബാധിക്കുമെന്ന് തീർച്ച. ഗുരുതര ആരോപണങ്ങളാണ് ആനന്ദ് ഉന്നയിച്ചിരിക്കുന്നത്. മണ്ണ് മാഫിയകളെ സംരക്ഷിക്കാൻ വേണ്ടിയാണ് തന്നെ തഴഞ്ഞ് മറ്റൊരാൾക്ക് സീറ്റ് നൽകിയത് എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല. ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുത്. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്, അത് തന്നെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ആനന്ദ് കുറിപ്പിൽ പറയുന്നുണ്ട്.