
ഡൽഹി ചെങ്കോട്ടയ്ക്കു സമീപം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ‘HR 26 CE 7674’ എന്ന നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസും ഏജൻസികളും അന്വേഷണം ആരംഭിച്ചത്. തുടർന്ന് കാറിന്റെ ഉടമയെയും റജിസ്ട്രേഷൻ വിവരങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2013ൽ പുറത്തിറങ്ങിയ കാർ, 2014ൽ ഗുരുഗ്രാം സ്വദേശിയായ സൽമാൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തു. ഇദ്ദേഹം കാറിന്റെ രണ്ടാമത്തെ ഉടമസ്ഥനാണെന്നും ആർസി രേഖകളിൽ നിന്ന് വ്യക്തമായി. തുടർന്ന് പലരിലേക്ക് കാർ കൈമാറി പോയിരുന്നു.
കാറിന്റെ വിവരങ്ങൾ ആരായാൻ പൊലീസ് സൽമാനെ ബന്ധപ്പെട്ടപ്പോൾ കാർ ഓഖ്‌ല സ്വദേശിയായ ദേവേന്ദ്ര എന്നയാൾക്ക് മാർച്ചിൽ വിറ്റതാണ് എന്നാണ് സൽമാൻ പറഞ്ഞത്. ദേവേന്ദ്ര പിന്നീട് ഈ കാർ കശ്മീരിലെ പുൽവാമ സ്വദേശിയായ ആമിർ എന്നയാൾക്കു വിറ്റു. ആമിറിൽനിന്നാണ് താരിഖ് എന്നയാൾക്കും പിന്നീട് അൽ ഫല മെഡിക്കൽ സർവകലാശാലയിലെ ഡോ.ഉമർ മുഹമ്മദിനും ലഭിക്കുന്നത്. സ്ഫോടനം നടക്കുമ്പോൾ ഉമറാണ് കാറോടിച്ചിരുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കാറിന്റെ ഉടമകൾ മാറിമാറി വന്നെങ്കിലും രജിസ്ട്രേഷൻ രേഖകളിൽ ഇപ്പോഴും ഉടമസ്ഥൻ സൽമാൻ തന്നെയാണ്. അതേസമയം, സെക്കൻഡ് ഹാൻഡ് കാർ വിൽപനരംഗത്ത് ഡോക്യുമെന്റേഷൻ ചെലവുകൾ ഒഴിവാക്കാനായി റീറജിസ്ട്രേഷനില്ലാതെ വാഹനങ്ങൾ കൈമാറുന്നത് സാധാരണമാണെന്നും പറയപ്പെടുന്നു.