ഇന്ത്യയില്‍ നിന്ന് ആക്രമണ സാധ്യത; വ്യോമതാവളങ്ങളില്‍ അതീവ ജാഗ്രത, നോട്ടാം പുറപ്പെടുവിച്ച് പാകിസ്ഥാന്‍




ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് നല്‍കിയതായി സിഎന്‍എന്‍-ന്യൂസ്18 റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നീക്കം.

സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സായുധ സേനകള്‍ അതീവ  ജാഗ്രതയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാനും പാകിസ്ഥാന്‍ സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക ശാഖകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാനും പ്രധാനപ്പെട്ട താവളങ്ങളില്‍ ജെറ്റുകള്‍ പറന്നുയരാന്‍ വിധം തയാറാക്കി നിര്‍ത്താനും പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് കരുതല്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കും വിധം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണ്. പുതിയ സാഹചര്യത്തില്‍ നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ വ്യോമസേനയ്ക്ക് നോട്ടീസ് ടു എയര്‍മെന്‍ (നോട്ടാം) പുറത്തിറക്കിയിട്ടുണ്ട്.
Previous Post Next Post