
തൃശൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്ത സംഭവത്തിൽ ചത്ത മാനുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മറ്റ് നടപടി സ്വീകരിക്കാത്ത അധികൃതർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെ സസ്പെൻഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ അടക്കം ചിത്രങ്ങളും ദൃശ്യങ്ങളും വരാൻ കാരണക്കാരൻ മുഹമ്മദ് ആണെന്ന് ആരോപിച്ചാണ് നടപടി.
തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ, തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്റർ (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ) എന്നിവരുടെ റിപ്പോർട്ടുകൾ അനുസരിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. മാനുകളുടെ പോസ്റ്റ്മോർട്ടം മുതൽ ജഡം മറവുചെയ്യുന്നത് വരെയുള്ള സമയത്ത് ദൃശ്യങ്ങളോ ചിത്രങ്ങളോ എടുക്കരുതെന്ന നിർദ്ദേശം പാലിച്ചില്ലെന്നും ഫോണിൽ നിന്ന് സംശയകരമായ കോളുകൾ പോയതായും ഇതുസംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാനായിട്ടില്ലെന്നും കാണിച്ചാണ് നടപടി.