
കോൺഗ്രസ് ഐക്യത്തോടെ പോയാൽ കോൺഗ്രസായെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇപ്പോൾ പാർട്ടിയിൽ സമാധാനം ഉണ്ട്. അത് നിലനിർത്തിപോയാൽ കോൺഗ്രസിന് അത് മതിയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചർച്ച ഫലപ്രദമായിരുന്നു. കോർ കമ്മിറ്റി വന്നത് നല്ല കാര്യമാണ്. കോടികളുടെ കൊള്ള നടത്തുന്നവർക്ക് വോട്ട് ചെയ്യാൻ മാത്രം മലയാളികൾ മോശക്കാരൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു.
കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കോർ കമ്മിറ്റി കൺവീനർ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി എം സുധീരൻ, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് 17 അംഗങ്ങൾ.