
മഹാരാഷ്ട്രയിൽ മാഹിം റെയിൽവേ സ്റ്റേഷന് സമീപമുള്ള ധാരാവി പ്രദേശത്ത് വലിയ തീപിടിത്തം. ഉച്ചയ്ക്ക് 12:29 നായിരുന്നു തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ചെയ്‍തത്. ജനസാന്ദ്രതയുള്ള പ്രദേശത്ത് കനത്ത പുക നിറഞ്ഞതോടെ മുംബൈ അഗ്നിശമന സേന (എംഎഫ്ബി), ആംബുലൻസുകൾ, ബിഎംസി വാർഡ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. തീപിടുത്തത്തെ തുടർന്ന് ഹാർബർ റെയിൽ സർവീസുകൾ നിർത്തിവെച്ചു. തീപിടുത്തം ആരംഭിച്ച ഉടൻ തന്നെ കുറഞ്ഞത് രണ്ട് വലിയ സ്ഫോടനങ്ങളെങ്കിലും കേട്ടതായി ദൃക്‌സാക്ഷികൾ സൂചിപ്പിച്ചെങ്കിലും സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
മാഹിമിനും ബാന്ദ്രക്കും ഇടയിലെ കിഴക്കൻ ഭാഗത്തുള്ള ഹാർബർ ലൈനിനോട് ചേർന്നുള്ള നിരവധി കുടിലുകൾ കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. നിരവധി സിലിണ്ടർ സ്ഫോടനങ്ങൾ മൂലമാണ് തീപിടുത്തമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തീപിടുത്തം അപകടകരമായി ട്രാക്കുകൾക്ക് സമീപമായതിനാൽ സുരക്ഷാ നടപടിയായി യുപി ഹാർബർ ലൈനിലെ ഓവർഹെഡ് ഉപകരണങ്ങളിലേക്കുള്ള (ഒഎച്ച്ഇ) വൈദ്യുതി വിച്ഛേദിച്ചതായി വെസ്റ്റേൺ റെയിൽവേ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതുവരെ ഹാർബർ ലൈൻ സേവനങ്ങൾ നിയന്ത്രിച്ചിരിക്കുന്നു. യാത്രക്കാർക്കോ ട്രെയിനുകൾക്കോ ഒരു അപകടവുമില്ല, കാരണം എല്ലാവരെയും സ്ഥലത്ത് നിന്ന് സുരക്ഷിതമായ അകലത്തിൽ നിർത്തിയിരിക്കുകയാണ്,” പ്രസ്താവനയിൽ പറയുന്നു. തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷണം നടത്തുകയാണ്.