ദാമ്പത്യ പ്രശ്‌നത്തിന് പരിഹാരം; ക്ഷേത്രത്തിനുള്ളിൽ വെച്ച്‌ മകളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് നരബലിക്ക് ശ്രമം, മാതാവ് അറസ്റ്റിൽ


ക്ഷേത്രത്തിനുള്ളിൽ വച്ച് 25 വയസ്സുള്ള മകളെ നരബലി നൽകാൻ ശ്രമിച്ച് മാതാവ്. സരോജമ്മ എന്ന 55 വയസ്സുള്ള സ്ത്രീയാണ് മകൾ രേഖയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് നരബലി നടത്താൻ ഒരുങ്ങിയിയത്. സംഭവത്തിൽ സരോജമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിൽ വച്ചാണ് സംഭവം നടന്നത്.

കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ബുധനാഴ്ച രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. പ്രാർഥിച്ച് കഴിഞ്ഞ ശേഷമാണ് സരോജമ്മ മകളെ പിന്നിൽനിന്ന് വെട്ടുകത്തി കൊണ്ട് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ആളുകൾ ഓടിക്കൂടി. ഇവർ സരോജമ്മയെ പിടിച്ചുമാറ്റി. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മകളെ നരബലിനൽകാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

രേഖയും ഭർത്താവും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽവന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടുന്നതിനായി അമ്മയും മകളും അടുത്തിടെ പ്രത്യേക പ്രാർഥനകൾ നടത്തിയിരുന്നു.

അനേക്കൽ സ്വദേശിയായ നെയ്ത്തുതൊഴിലാളിയായ ഭർത്താവിനൊപ്പമാണ് രേഖ താമസിച്ചിരുന്നത്. അമ്മ സാമ്പിഗെഹള്ളിയിൽ പ്രായമായ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. ഭർത്താവുമായുള്ള തർക്കങ്ങൾ കാരണം മകൾ ഇടക്കിടെ മാതാവിൻറെ വീട്ടിൽ പോയി താമസിച്ചിരുന്നു. ഇതേ തുടർന്നാണ് മാതാവ് പരിഹാരം കാണാൻ തീരുമാനിച്ചത്.

ഇവർ കണ്ട ജ്യോതിഷി ശുഭസമയത്ത് നരബലി നടത്താൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. ഈ ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മാതാവ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. രേഖയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ സംഭവങ്ങളുടെ ചുരുൾ അഴിയുകയുള്ളൂ.

ചോദ്യം ചെയ്യലിനായി പോലീസ് ഇപ്പോൾ ജ്യോതിഷിയെ അന്വേഷിക്കുകയാണ്. സംഭവങ്ങളുടെ ക്രമം പുനഃസൃഷ്ടിക്കുന്നതിനായി പെൺകുട്ടിയുടെ മൊഴി അവൾ സുഖം പ്രാപിച്ച ശേഷം രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് സരോജമ്മ സഹകരിക്കാൻ തയ്യാറല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്

Previous Post Next Post