
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ വിമർശനം. ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാൽ, ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ടെന്നും സ്വാമി സച്ചിദാനന്ദ വിമർശിച്ചു. സുധാകരൻ നേതൃസ്ഥാനത്ത് നിന്നും അർഹതപ്പെട്ട സ്ഥാനത്തുനിന്നും തഴയപ്പെട്ടു. കെ സുധാകരൻ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണ്. നാലുവർഷം മുൻപ് രാഹുൽഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു
കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുകയാണ്. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ശിവഗിരി മഠാധിപതി വിമർശിച്ചു. അതേസമയം, ശിവഗിരി മഠാധിപതിയുടെ വിമർശനത്തിൽ കെ സുധാകരൻ പ്രതികരിച്ചില്ല. മഠാധിപതിയുടെ അഭിപ്രായം അദ്ദേഹത്തിൻറെ മാത്രമാണെന്നായിരുന്നു കെ സുധാകരൻറെ പ്രതികരണം.