യാത്രയ്ക്ക് സമയത്ത് എത്തണമെന്ന്’ ഉപദേശിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് വൈകിയെത്തിയ യാത്രക്കാരുടെ മർദ്ദനമേറ്റു. സംഭവം കോട്ടയത്ത്


കോട്ടയം: ‘യാത്രയ്ക്ക് സമയത്ത് എത്തണമെന്ന്’ ഉപദേശിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് വൈകിയെത്തിയ യാത്രക്കാരുടെ മർദനമേറ്റു. പത്തനംതിട്ടയിൽനിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ കിളിമാനൂർ സ്വദേശി അജിത്തിനാണ് മർദനമേറ്റത്.

7ന് രാത്രി കോടിമതയിലായിരുന്നു സംഭവം. ‘ചിങ്ങവനത്തുനിന്ന് 2 യുവാക്കൾ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. വൈകിട്ട് 6.30നു ചിങ്ങവനത്ത് എത്തേണ്ട ബസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി വൈകി. 2 യാത്രക്കാരെയും ഫോണിൽ വിളിച്ച് വൈകുമെന്ന് അറിയിച്ചു. ചിങ്ങവനത്ത് എത്തിയ ശേഷം ഇവരെ വീണ്ടും ഫോണിൽ വിളിച്ച് 5 മിനിറ്റ് കാത്തുനിന്നു. ഇവർ എത്താതെ വന്നതോടെ കോടിമതയിൽ അടുത്ത സ്‌റ്റോപ്പുണ്ടെന്നും അവിടെ എത്തണമെന്നും അറിയിച്ച് ബസ് എടുത്തു’ : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിത്ത് സംഭവം വിശദീകരിച്ചു.
ബസ് ചിങ്ങവനം ടൗൺ വിട്ടതോടെ ഇവർ ചിങ്ങവനത്ത് എത്തിയെന്ന് പറഞ്ഞ് ഫോൺ വിളിച്ചു. ഗോമതിക്കവലയിലെ ഡിവൈഡറിനു സമീപം ബസ് നിർത്തി 2 പേരെയും കയറ്റുകയും ചെയ്തു.

ബസിൽ കയറിയ ഉടൻ ഇവർ അജിത്തിനെയും ക്ലീനറെയും മർദിക്കുകയായിരുന്നു. മർദനത്തിനിടെ ബസിൽനിന്ന് ഒരു വിധത്തിൽ പുറത്തിറങ്ങി. അപ്പോഴും മർദനം തുടർന്നു.
അജിത്ത് ആശുപത്രിയിലായതോടെ മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഡ്രൈവറെ മർദിച്ചതു നാലംഗ സംഘമാണെന്നും കേസെടുത്തെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.


Previous Post Next Post