ജയിച്ചിട്ടുവേണം ലുട്ടാപ്പിയെ ഒരു പാഠം പഠിപ്പിക്കാൻ; ഇക്കുറി മത്സരത്തിന് മായാവിയും; ചിഹ്നം പക്ഷേ മന്ത്രവടിയല്ല!


തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഏകദേശ ചിത്രം വ്യക്തമായി കഴിഞ്ഞു. സ്ഥാനാർത്ഥികൾ പലരും ഒന്നിലേറെ തവണ വോട്ടു തേടി വീടുകൾ കയറിയിറങ്ങുകയും ചെയ്തു. അതിനിടെ, നഗരസഭയിലെ 26-ാം വാർഡ് സൈബർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യുവതിയുടെ പേരാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം.

പ്രശസ്ത സ്റ്റാൻഡ്‌അപ്പ് കോമേഡിയനായ മായാ വി, പേരിന്റെയും ചുരുക്കപ്പേരിന്റെയും വ്യത്യസ്തത മൂലം സോഷ്യൽ മീഡിയയിൽ “മായാവി” എന്ന പേരിൽ ട്രോളുകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. ട്രോളുകളോട് ഒട്ടും പരിഭവം കാട്ടാതെ തന്നെ സ്വന്തം പേജിൽ പങ്കുവച്ച് ആസ്വദിക്കുന്നതാണ് മായയുടെ സ്റ്റൈൽ. “ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. എന്നാലും കൊന്നിട്ട് പോടേയ്” എന്ന രസകരമായ കുറിപ്പാണ് മായ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്രോളുകൾ നിറഞ്ഞതോടെ മായ വാർഡിൽ മാത്രമല്ല സംസ്ഥാനത്താകെ പ്രശസ്തയായിരിക്കുകയാണ്. ഇത്രയും വലിയ ഫ്രീ പബ്ളിസിറ്റി ഇതിനുമുമ്പ് ഏതെങ്കിലും സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മായ പങ്കുവച്ച ട്രോളുകൾക്ക് താഴെ കമന്റുകൾ നിറയുകയാണ്. ‘ജയിച്ചിട്ടുവേണം ലുട്ടാപ്പിയെ ഒരു പാഠം പഠിപ്പിക്കാൻ, സ്രാങ്കിനോട് അന്വേഷണം പറയണം, വിജയീ ഭവ, ഞാൻ ആശാനേയും കൂടി പ്രചാരണത്തിന് നേരത്തെ വന്നേക്കാം’ അങ്ങനെപാേകുന്ന കമന്റുകൾ. ട്രോളുകളോട് മുഖംതിരിക്കാതെ അതെല്ലാം ആസ്വദിക്കാൻ കാണിക്കുന്ന മായയുടെ വലിയ മനസിന് ആശംസകൾ നേരുന്നവരുമുണ്ട്.

മായയുടെ സാന്റപ്പ് കോമഡികൾക്ക് ആരാധകർ ഏറെയാണ്. സ്ഥാനാർത്ഥിയായതോടെ ഒരു ചാനലിലെ കോമഡി പരിപാടിയിൽ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതിന്റെ വീഡിയോ വീണ്ടും വൈറലായിട്ടുണ്ട്.

Previous Post Next Post