തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദേശീയ പണിമുടക്ക് അടക്കം പ്രഖ്യാപിക്കാനാണ് നീക്കം. തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തൊഴിലാളി സംഘടന നേതാക്കളുടെ യോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. വിവിധ സംസ്ഥാനങ്ങളിലെ മിനിമം തൊഴിൽ കൂലിയിലെ അന്തരം ഉയർത്തിക്കാട്ടിയാകും പ്രതിഷേധം ശക്തമാക്കുക.
അതേസമയം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷം പ്രതികരിക്കവെയാണ് തൊഴിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.