ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന, സാമ്പിൾ ശേഖരിക്കുന്നതിനായി സ്വർണപ്പാളി ഇളക്കിമാറ്റി


ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിരിക്കുയാണ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. സ്വ‍ർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം.

സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് നൽകിയ ഹർജി ദേവസ്വം ബെ‌ഞ്ച് പരിഗണിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി.ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിൽ ബെഞ്ച് വ്യക്തമാക്കി. നിലവിൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.അതിനാൽ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.കേസിന്റെ എഫ് ഐ ആർ , അനുബന്ധ മൊഴികൾ, ലരേഖകൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വർണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Previous Post Next Post