വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ…


തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ തീരാനിരിക്കെ മുന്നണികൾക്ക് തലവേദനയായി വിമതർ. ഭീഷണി ഉയർത്തുന്ന വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകൾ ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസ് പൂട്ടി.

മത്സരചിത്രം തെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് വിമതരെ ചേർത്ത് നിർത്താനുള്ള തിരക്കിട്ട ശ്രമം. ഓഫറുകൾ പലതാണ്. ചിലർ വഴങ്ങുമെന്ന സൂചനയുണ്ടെങ്കിലും മറ്റ് ചിലർ പാറപോലെ ഉറച്ചുനിൽക്കുകയാണ്. പാർട്ടിക്ക് സീറ്റില്ലെങ്കിൽ ഓഫീസ് എന്തിനാണെന്ന് ചോദിച്ചാണ് മഞ്ചേശ്വരത്തെ കോൺഗ്രസ് ഓഫീസ് പൂട്ടിയത്. ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് സീറ്റ് ലീഗിന് നൽകിയതിലാണ് പ്രതിഷേധം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഹനീഫിൻറെ നേതൃത്വത്തിലാണ് പൂട്ടൽ. കൊല്ലം കോർപ്പറേഷനിൽ കുരീപ്പുഴയിൽ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് കൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമതനായ എസ് ഷാനവാസ് പത്രിക നൽകിയത് മുന്നണിയെ വെട്ടിലാക്കി. പാലക്കാട് ജില്ലയിലെ 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സിപിഐ മത്സരിക്കുന്നത് ഒറ്റക്കാണ്. വയനാട്ടിൽ റിബൽ ഭീഷണി ഉയർത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ആലപ്പുഴ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിൽ സിപിഎം- സിപിഐ പോരാണ്. അമ്പലപ്പുഴയിൽ കോൺഗ്രസ് ലീഗ് സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ വാഴോട്ടുകോണം വാർഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടരി കെവി മോഹനൻ അനുനയത്തിന് വഴങ്ങാതെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഭീഷണിയായി മുന്നോട്ട് തന്നെ. പാർട്ടി നടപടി എടുത്ത ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയിലും സിപിഎമ്മിന് ഭീഷണിയാണ്. പൗണ്ട് കടവിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് റിബലിനെ അനുനയിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുഞ്ചക്കരിയിൽ ആർഎസ്‍പി സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകി. മുൻ കൗൺസിലർ കൃഷ്ണവേണിയും പിന്നോട്ടില്ലെന്ന നിലപാടിലാണ്.


Previous Post Next Post