വിവാഹ വീട്ടിൽ ആഘോഷത്തിനിടെ യുവാവിനെ തല്ലി യുവതി; പിന്നാലെ നാട്ടുകാരും ഇടപെട്ടു, കൂട്ടത്തല്ല്…


        
വിവാഹ വീട്ടിലുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ വിവാഹാഘോഷങ്ങൾക്ക് പൊലിമയേകാൻ എത്തിയ നർത്തകി മർദ്ദിച്ചതാണ് കാരണം. ഈ അടിയും തിരിച്ചടിയും പിന്നീട് നാട്ടുകാരുൾപ്പെട്ട കൂട്ടത്തല്ലിന് കാരണമാവുകയായിരുന്നു. കാഴ്ചക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

ഹരിയാനയിലെ നുഹിലെ പച്‌ഗാവ് ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരനായ വരൻ വീടിന് സമീപത്ത് നിർമ്മിച്ച താത്കാലിക സ്റ്റേജിൽ നൃത്തം ചെയ്യുകയായിരുന്ന നർത്തകിയോട് അശ്ലീല ചേഷ്ടകൾ കാണിച്ച് സ്പർശിക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണം. സ്റ്റേജിൽ വച്ച് തന്നെ യുവതി വരൻ്റെ മുഖത്ത് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ ഇയാളും തിരിച്ചടിച്ചു.

സംഭവത്തിന് പിന്നാലെ കൂടുതൽ പേർ സ്റ്റേജിൽ കയറുകയും നർത്തകരും നാട്ടുകാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. പിന്നാലെ നർത്തകർ ഇവിടെ നിന്നും രക്ഷപ്പെട്ടു. വീഡിയോ ദൃശ്യം ശ്രദ്ധയിൽപെട്ടെന്നും ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.

        
Previous Post Next Post