
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം. യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്. ബൈസൺവാലി ഇരുപതേക്കറിൽ ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. പ്രചരണത്തിനായി പ്രവർത്തകർക്കൊപ്പം വീട്ടിലേയ്ക്ക് കയറവേ കൂട്ടിൽ നിന്നും അഴിഞ്ഞ് നടക്കുകയായിരുന്ന നായ പാഞ്ഞെത്തി കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ജാൻസിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കാലിനാണ് കടിയേറ്റത്. ചികിത്സയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് ജാൻസി വീണ്ടും പ്രചാരണം തുടർന്നു. പഞ്ചായത്തിൽ തെരുവുനായ ശല്യം പരിഹരിക്കാൻ ഭരണസമിതി യാതൊന്നും ചെയ്യുന്നില്ലന്നാണ് സംഭവത്തിന് പിന്നാലെ യുഡിഎഫ് ആരോപിച്ചു