സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കായെത്തി... പിന്നാലെ യുവാവ് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു.


വടകരയില്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ യുവാവ് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. ഇടുക്കി ഉപ്പുതറ സ്വദേശിയായ വിഷ്ണു(32)വാണ് മോഷണം നടത്തിയത്. വടകര പൊലീസ് പിന്നീട് ഇയാളെ പയ്യന്നൂരില്‍ വച്ച് അറസ്റ്റ് ചെയ്തു. കുട്ടോത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കായാണ് ഇയാള്‍ എത്തിയിരുന്നത്.

ഇവിടെ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പാണ് കാണാതായത്. സംശയം തോന്നിയ അധികൃതര്‍ വിഷ്ണുവിനെ വിളിച്ച് അന്വേഷണം നടത്തി.എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ലാപ്‌ടോപ്പ് എറണാകുളത്തെ ഒരു കടയില്‍ വിറ്റതായി വിഷ്ണു പൊലീസിന് മൊഴി നല്‍കിയതായാണ് ലഭിക്കുന്ന വിവരം. വടകര എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഗണേശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സജീവന്‍, സിപിഒ സജീഷ് എന്നിവര്‍ ചേര്‍ന്നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

Previous Post Next Post