
കൊച്ചി തുറമുഖത്തിന്റെ വികസനം ലക്ഷ്യമാക്കി കായലിന്റെ ആഴം വീണ്ടും വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നീക്കം. ഇതിനായി 800 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന് ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
നിലവിൽ കൊച്ചി തുറമുഖത്തെ കായലിന്റെ ആഴം ഏതാണ്ട് 14.5 മീറ്ററാണ്. ഇത് 16 മീറ്ററായി വർദ്ധിപ്പിക്കാനാണ് നീക്കം. 16 മീറ്റർ ആഴം നിലനിർത്തണമെങ്കിൽ 17.5 മീറ്ററെങ്കിലും താഴ്ത്തണം. കായലിന് ഇനിയും ആഴം കൂട്ടിയാൽ കൊച്ചി കരയിലെ വേലിയേറ്റം രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. കൂടുതൽ ഡ്രാഫ്റ്റുള്ള കപ്പലുകൾ വല്ലാർപാടത്തേക്ക് സുഗമമായി എത്തിക്കാനാണ് കായലിന് ആഴം കൂട്ടുന്നത്. വല്ലാർപാടം ടെർമിനലിലേക്ക് വലിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലുകൾ ഇപ്പോഴും എത്തുന്നില്ല. വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയതോടെ, അവിടേക്ക് കൂറ്റൻ കപ്പലുകൾ വരുന്നുണ്ട്. കൊച്ചിയിലും ആഴം കൂട്ടിയില്ലെങ്കിൽ വല്ലാർപാടം പിന്തള്ളപ്പെടുമെന്ന വാദമാണുള്ളത്. വിഴിഞ്ഞത്ത് 20 മീറ്റർ വരെ ആഴമുണ്ട്. കൊച്ചിയിൽ ആഴം കൂട്ടിയാലും അത് നിലനിർത്തുന്നതിന് ദിവസവും ഡ്രെജ്ജിങ് നടത്തണം. ദിവസേന എന്നോണം ചെളി വന്നടിയുന്ന സ്ഥലമാണിത്.
തുടർച്ചയായ ഡ്രെജ്ജിങ് വഴിയാണ് കൊച്ചിയിൽ കായലിന്റെ ആഴം നിലനിർത്തുന്നത്. ഇപ്പോഴത്തെ ആഴം നിലനിർത്തുന്നതിന് പ്രതിവർഷം 150 കോടിയില്പരം രൂപ കൊച്ചി തുറമുഖം ചെലവഴിക്കുന്നുണ്ട്. ഈ ചിലവാണ് കൊച്ചി തുറമുഖത്തെ സാമ്പത്തികമായി തളർത്തുന്നത്. ആഴം വീണ്ടും കൂട്ടിയാൽ, അത് നിലനിർത്താനുള്ള മെയിന്റനൻസ് ചിലവ് തുറമുഖത്തിന്റെ ചുമലിലാകും. പ്രതിവർഷം 50 കോടിയില്പരം രൂപ അധിക ബാധ്യതയായി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് കായലിന് ആഴം കൂട്ടുന്ന പദ്ധതിക്കെതിരെ തൊഴിലാളി സംഘടനകൾ രംഗത്തുണ്ട്.
ആഴം കൂടിയാൽ വെള്ളപ്പൊക്കം പതിവാകുമെന്നും കര നഷ്ടപ്പെടുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക. കായലിന് ആഴം കൂടിയതിനെ തുടർന്നാണ് ചെല്ലാനം പോലുള്ള മേഖലകളിൽ കടലേറ്റം രൂക്ഷമായതെന്നാണ് നാട്ടുകാരുടെ പക്ഷം.