
പാലക്കാട് പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം. ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടി മരിച്ചത് ആശുപത്രിയുടെ ചികിത്സാ പിഴവാണെന്ന് രക്ഷിതാവാണ് ആരോപിച്ചത്. വണ്ടി താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ചെയ്യുന്നതിനുള്ള തീയതി നൽകിയിരുന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യയ്ക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് നാരായണൻ കുട്ടി പറയുന്നു. കുഞ്ഞിന്റെ കാൽ ആദ്യം പുറത്ത് വരുന്ന നിലയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.