പത്മകുമാർ ദൈവത്തെ പോലെ കണ്ടതാരെ?… ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിൻ്റെ നിർണായക മൊഴി പുറത്ത്



        

ശബരിമല സ്വർക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിൻ്റെ മൊഴി പുറത്ത്. ഉദ്യോഗസ്‌ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. അതേസമയം, പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മാധ്യമങ്ങൾക്ക് മുന്നിൽ നിശബ്ദനായ പത്മകുമാർ ദൈവത്തെ പോലെ കണ്ടതാരെയാണെന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ചെയ്തത്. ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്ന് പത്‌മകുമാർ നൽകിയ മൊഴിയിൽ പറയുന്നു.

ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് കൈമാറിയത്. സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. 2019ൽ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിൻറെ അറസ്റ്റ്. സ്വർണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.

Previous Post Next Post