
മെഡിക്കല്‍ കോളേജിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ ആണ് മെഡിക്കൽ കോളേജുകളിൽ എത്തുന്നത്. ആശുപത്രികളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുകയാണ്. ഒരു രോഗിയെ പോലും തിരിച്ചയക്കുന്നില്ല. രോഗികളെ ഉപേക്ഷിച്ച് കടന്നു കളയുന്നവർ ഉണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടരുത് ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ, മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യാവൂ. സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികളെ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നുണ്ടെന്നും വീണ ജോർജ് പറഞ്ഞു. വിഷയത്തില്‍ ഡോ.ഹാരിസിന്‍റെ വിമർശനത്തില്‍ മറുപടി പറയാൻ ഇല്ലെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കൂ എന്നും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് പ്രാകൃതമെന്ന് ഡോ ഹാരിസ് വിമർശിച്ചിരുന്നു. മെഡിക്കൽ കോളജുകളിൽ വേണ്ടത്ര സൗകര്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ യൂറോളജി ഡിപ്പാർട്ട്മെൻ്റിൽ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. അന്നുമുതൽ ആരോഗ്യവകുപ്പിന്റെ കണ്ണിലെ കരടാണ് ഡോ. ഹാരിസ്