ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ചെത്തി.. വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ചു.. പ്രതിഷേധം…
ജോവാൻ മധുമല 0
ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.
എളവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി.കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കുട്ടിയെ സ്‌കൂളിലേയ്ക്ക് വിടേണ്ടതില്ലെന്ന് രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. യൂണിഫോം ധരിക്കാതെ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് ആയിരുന്നു സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതെന്നാണ് പരാതി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശേരിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. നിരവധി കുട്ടികള്‍ക്ക് ഈ അവസ്ഥയുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്‌കൂളിന്റെ നിയമാവലിയുടെ ഭാഗമാണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹിന്ദു ഐക്യവേദിയുടെ നേതാക്കന്‍മാരോട് വ്യക്തമാക്കിയത്.