അനീഷിൻ്റെ മരണകാരണം ജോലി സമ്മർദ്ദംമാത്രമെന്ന് പിതാവ്…ഭീഷണി ഉണ്ടായിരുന്നെന്ന് കോണ്‍ഗ്രസ്…


പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ്. അനീഷിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വീട് കയറാന്‍ കൂട്ടരുതെന്ന് അനീഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി രജിത്ത് നാറാത്ത് ആരോപിച്ചു.

ഭീഷണിപ്പെടുത്തുന്ന ഡിജിറ്റല്‍ തെളിവ് ഉണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അനീഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും രജിത്ത് നാറാത്ത് പറഞ്ഞു.

അനീഷിന്റെ മരണം ജോലി സമ്മര്‍ദം മൂലം മാത്രമാണെന്ന് പിതാവ് ജോര്‍ജ് പറഞ്ഞു. ജോലിക്കിടെ കടുത്ത പ്രയാസം നേരിട്ടിരുന്നു. മറ്റ് വ്യക്തികള്‍ക്കോ സമൂഹത്തിനോ മരണത്തില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌ഐആര്‍ ഫോം വിതരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ചില സംസാരങ്ങളുണ്ടായിരുന്നതായി അനീഷിന്റെ സുഹൃത്ത് ഷിജു മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഐആര്‍ ഫോം വിതരണത്തിന് കോണ്‍ഗ്രസ് സിപിഐഎം ഏജന്റുമാര്‍ക്കൊപ്പം പോകാനായിരുന്നു അനീഷ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച ദിവസം സിപിഐഎമ്മിന്റെ ഏജന്റ് വന്നില്ല. കോണ്‍ഗ്രസിന്റെ ഏജന്റിനൊപ്പം പോയപ്പോള്‍, ഒരു പാര്‍ട്ടിക്കാരനെ കൂട്ടി പോകരുതെന്ന് പറഞ്ഞ് അനീഷിനെ വിളിച്ച് സംസാരമുണ്ടായി. പ്രശ്‌നമായതിനാല്‍ ഒറ്റയ്ക്ക് പോകാം എന്ന് അനീഷ് തീരുമാനിച്ചിരുന്നു. അവസാന നിമിഷം ഫോം കൊടുത്ത് തീരാത്തതിന്റെ സമ്മര്‍ദം അനീഷിനുണ്ടായിരുന്നുവെന്നും ഷിജു കൂട്ടിച്ചേര്‍ത്തു.

Previous Post Next Post