
ചാരമംഗലം ഗവൺമെന്റ് സംസ്‌കൃത ഹൈസ്‌കൂളിലെ ക്ലാസ് മുറികളും പഠനോപകരണങ്ങളും കൃഷിത്തോട്ടവും സമൂഹവിരുദ്ധർ നശിപ്പിച്ചു. പിന്നിലെ മതിൽ ചാടി പൂട്ട് കുത്തിത്തുറന്ന് സ്‌കൂളിനകത്ത് കയറിയ അക്രമികൾ, രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർത്തു. തിങ്കളാഴ്ച രാവിലെയാണ് സമൂഹവിരുദ്ധരുടെ അതിക്രമം സംബന്ധിച്ച് അധികൃതർ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക പൂഞ്ഞാർ പൊലീസിൽ പരാതി നൽകി. ക്ലാസ് മുറികളിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉയരുകയും പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുകയും ചെയ്‌തതായി കണ്ടെത്തി.
പൂർവവിദ്യാർഥികളാകാം അതിക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻസ്‌പെക്‌ടർ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. രണ്ടു വർഷം മുമ്പു വരെ സ്‌കൂളിൽ സമൂഹവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മദ്യക്കുപ്പികൾ പൊട്ടിച്ചിടുന്നതു പതിവായതോടെ സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൂർവവിദ്യാർഥികളാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് സ്‌കൂൾ വളപ്പ് മതിൽ കെട്ടിത്തിരിക്കുകയും കെട്ടിടം അറ്റകുറ്റപ്പണി നടത്തുകയും ചെയ്‌തതോടെ ശല്യം കുറഞ്ഞിരുന്നു.