
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ നഗരത്തിൽ സുരക്ഷ ശക്തമാക്കിയതിനിടെ, സാധാരണ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് ഒരു സംഭവം. കാറിൻ്റെ ഡിക്കിക്കുള്ളിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നത് കണ്ടതോടെ പോലീസ് ഞെട്ടി. ദില്ലിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം തിമാർപൂർ ഏരിയയിലാണ് ഈ സംഭവം നടന്നത്.
വാഹന പരിശോധനയ്ക്കായി ഡ്രൈവർ ഡിക്കി തുറന്നപ്പോഴാണ് ഒരാൾ അകത്ത് കിടന്നുറങ്ങുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തിമാർപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഒരു കാർ നിർത്താനായി ആവശ്യപ്പെട്ടത്. ഡിക്കി തുറന്നപ്പോൾ ഒരാൾ അകത്ത് കിടന്നുറങ്ങുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്.
ചോദ്യം ചെയ്തപ്പോൾ, കാറിനുള്ളിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് കൂടെയുണ്ടായിരുന്നയാൾ യാത്രയ്ക്കിടെ ഡിക്കിയിൽ കിടന്നതെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഇയാൾ ഉറങ്ങിപ്പോയതാണെന്നും ഡ്രൈവർ വ്യക്തമാക്കി. കാറിൽ നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ലെന്നും, ഇത് നിയമലംഘനത്തേക്കാൾ സ്ഥലക്കുറവ് മൂലമുണ്ടായ സാഹചര്യമാണെന്നും പോലീസ് സ്ഥിരീകരിച്ചു. തുടർന്ന്, ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം റോഡ് സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പ് നൽകി യാത്ര തുടരാൻ പൊലീസ് അനുവദിക്കുകയായിരുന്നു