
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർദ്ധനും റിമാൻഡിൽ. ഇരുവരേയും 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റിലായ ഇരുവരേയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർദ്ധനനുമാണെന്നാണ് കണ്ടെത്തൽ. പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ശബരിമല സ്വർണ്ണക്കൊള്ളയിൽ തുടക്കം മുതൽ അന്വേഷണം വഴി തെറ്റിക്കാനും പങ്കില്ലെന്നും തെളിയിക്കാനാണ് പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ശ്രമിച്ചത്. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിന് മേൽ വീണ്ടും സ്വർണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നും പോറ്റി എത്തിച്ചത് ചെമ്പ് പാളിയെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആദ്യ മൊഴി. ശബരിമലയിലെ സ്പോൺസർഷിപ്പിനായി സഹായിച്ച ഇടനിലക്കാരൻ എന്ന പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്ന് വരുത്തി അന്വഷണത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനായിരുന്നു ഗോവർദ്ധൻ ശ്രമിച്ചത്.