
2024 ഡിസംബർ നാല്, കേരളം ശ്രദ്ധിച്ച രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ കേരള നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ദിവസം. രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസ് പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത് സത്യപ്രതിജ്ഞ ചെയ്ത് ഒരു വർഷം തികയുന്ന ദിനത്തിൽ. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ നിന്നും ജയിച്ചതിന് പിന്നാലെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പിൽ 18,724 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ ഭൂരിപക്ഷം സ്വന്തമാക്കിയാണ് രാഹുൽ നിയമ സഭയിലെത്തിയത്.
സത്യപ്രതിജ്ഞ ചെയ്ത് ഒരു വർഷം പൂർത്തിയാക്കും മുൻപ് തന്നെ ലൈംഗികാരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന് ബാധ്യതയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒന്നിലധികം ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, കോൺഗ്രസ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ പാർട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്നതിലാണ് ഇനി തീരുമാനം ഉണ്ടാകേണ്ടത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ഒരു എംഎൽഎയെ കോൺഗ്രസ് പുറത്താക്കുന്നത്.