
വോട്ടർമാരെ അപമാനിച്ച സിപിഐഎം നേതാവ് എം എം മണിയുടെ പ്രസ്താവന തള്ളാതെ എം വി ജയരാജൻ. എം എം മണി നടത്തിയ പരാമർശത്തെ തോൽവിയുടെ ഭാഗമായി ഉണ്ടായ ഒന്നായി കാണണമെന്നും പെൻഷൻ ഉൾപ്പെടെയുള്ളവ വർദ്ധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടെത്തണമെന്നും എം വി ജയരാജൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ജനങ്ങളിലേക്കെത്തിക്കാൻ പരാജയപ്പെട്ടോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻഷൻ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം.
ജനഹിതം മനസിലാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാകും ഇനി ഭാവിയിൽ രൂപം കൊടുക്കുക എന്നും എം വി ജയരാജൻ പറഞ്ഞു. പൊതുവായി പരിശോധിച്ചാൽ പ്രതീക്ഷിക്കാത്ത ഒരു ജനവിധിയാണ് ഉണ്ടായത്. ബിജെപി കേരളത്തിൽ വളർന്നുവരുന്നത് ആപത്കരമാണ്. മതനിരപേക്ഷ സമൂഹം ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് ബിജെപി ഉയർത്തുന്ന മതരാഷ്ട്രം പ്രായോഗികമല്ല. ബിജെപിക്കനുകൂലമായി നിലപാട് സ്വീകരിച്ച പ്രദേശങ്ങളിൽ അവരെ തുറന്നുകാട്ടുമെന്നും എം വി ജയരാജൻ പറഞ്ഞു.