യുഎഇയെ വിറപ്പിച്ച പേമാരിക്ക് ശമനമാകുന്നു


ദുബായ് : രണ്ടു ദിവസമായി യുഎഇയെ വിറപ്പിച്ച പേമാരിക്ക് ശമനമാകുന്നു. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും സ്തംഭിച്ചുപോയ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. എങ്കിലും ജാഗ്രത കൈവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലായെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന്(വെള്ളി) രാവിലെ വരെ നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കി. ഭൂരിഭാഗം വിമാനങ്ങളും ഇപ്പോൾ കൃത്യസമയത്ത് തന്നെ സർവീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക് റീബുക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഇപ്പോഴും എയർലൈനുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.


വെള്ളക്കെട്ടിലും കാറ്റിലും പെട്ട് ആയിരക്കണക്കിന് വാഹനങ്ങൾക്കാണ് യുഎഇയിലുടനീളം കേടുപാടുകൾ സംഭവിച്ചത്. ഇത് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി പൊലീസ് റിപ്പോർട്ട് നിർബന്ധമാണ്. ഇതിനായി പ്രത്യേക ഓൺലൈൻ സേവനങ്ങൾ ദുബായ്, ഷാർജ പൊലീസ് സജ്ജമാക്കി.

Previous Post Next Post