
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തുനിന്ന് അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.