
നഗരമധ്യത്തില്‍ സിനിമയെ വെല്ലുംവിധം യാത്രക്കാരുടെ ജീവന്‍ പന്താടി അതിക്രമം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറെ ജയിലില്‍ അടച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്-ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 13 ആര്‍ 4951 ഗ്രീന്‍സ് ബസിലെ ഡ്രൈവര്‍ പെരുമണ്ണ സ്വദേശി ചോലയില്‍ ഹൗസില്‍ കെ കെ മജ്‌റൂഫി(28)നെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30ന് മാനാഞ്ചിറ ബസ് സ്‌റ്റോപ്പിലാണ് യാത്രക്കാരെ നടുക്കിയ സംഭവം നടന്നത്. മത്സരയോട്ടം നടത്തി മാനാഞ്ചിറ എത്തിയപ്പോള്‍ ഇയാൾ മറ്റൊരു ബസില്‍ ബോധപൂര്‍വം ഇടിപ്പിക്കുയായിരുന്നു. മെഡിക്കല്‍ കോളേജ്-മാറാട് റൂട്ടില്‍ ഓടുന്ന കീര്‍ത്തന ബസിലാണ് മജ്‌റൂഫ് തന്റെ ബസ് ഇടിപ്പിച്ചത്.
സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ അതിക്രമത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ഇരു ബസിലും യാത്രക്കാരുള്ള സമയത്താണ് ഡ്രൈവറുടെ ഈ അഭ്യാസ പ്രകടനം. സംഭവത്തിന്‍റങെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയിൽ പ്രചരിച്ചിരുന്നു. കീര്‍ത്തന ബസിന്‍റെ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് മജ്‌റൂഫിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. മനപൂര്‍വ്വമുണ്ടാക്കിയ ഈ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ബസ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇതിനു പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്. ഒരു മാസം മുമ്പ് രണ്ടാം ഗേറ്റിന് സമീപം സമയക്രമത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസ് ജീവനക്കാരന്‍ മറ്റൊരു സ്വകാര്യ ബസിന്‍റെ ചില്ലെറിഞ്ഞു തകര്‍ത്തിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും അഭ്യാസ പ്രകടനങ്ങള്‍ കോഴിക്കോട് തുടരുകയാണ്.