രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ! വാഹനാപകടത്തിൽ മരിച്ച ഷിബുവിന്റെ ഹൃദയം ഇനീ നേപ്പാൾ സ്വദേശിനിയിൽ തുടിക്കും




കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുക.വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയം ഇനി തുടിക്കുക നേപ്പാൾ സ്വദേശിനി ദുർഗ കാമിയിൽ (23). കഴിഞ്ഞ ആറു മാസത്തിലധികമായി ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ് ദുർഗ. അപൂർവമായ ജനിതാവസ്ഥയായ ഡാനോൻ മൂലം ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗമുണ്ട് ദുർഗയ്ക്ക്. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരൻ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. നേപ്പാളിലെ അനാഥാലയത്തിൽ പഠിച്ചു വളർന്ന ദുർഗയ്ക്ക് ഇതിന്റെ നടത്തിപ്പുകാരനായ മലയാളിയാണ് കേരളത്തിലെ ചികിത്സയെക്കുറിച്ച് പറയുന്നത്. തുടർന്ന് ആറു മാസം മുൻപ് കേരളത്തിലെത്തി ചികിത്സ തേടിയെങ്കിലും വിദേശി എന്ന നിലയിൽ ഹൃദയം ലഭിക്കുക നിയമപരമായി ബുദ്ധിമുട്ടായിരുന്നു.

ഹൃദയത്തിനു പുറമെ ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവയും ദാനം ചെയ്യും. കോട്ടയം മെഡിക്കൽ കോളജില്‍ മുന്‍പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ്.കഴി‍ഞ്ഞ വർഷം ഡിസംബറിൽ തന്നെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറിയിരുന്നു. ശസ്ത്രക്രിയ നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ വ്യക്തമാക്കി.
Previous Post Next Post