കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; ബിജെപി പ്രവർത്തകർ അറസ്റ്റിൽ


ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു. കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡയെ(38)യാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകരെ സഖരായപട്ടണ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സഞ്ജയ്, ഭൂഷൺ, മിഥുൻ എന്നീ മൂന്ന് പേർ ബിജെപിയുടെ സജീവ പ്രവർത്തകരാണ്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ബൈക്കുകളിലെത്തിയ എട്ട് പേരടങ്ങുന്ന സംഘം, കൽമുരുഡേശ്വര മഠം റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കടൂർ താലൂക്കിലെ സഖരായപട്ടണയിൽ ‘ദത്ത ജയന്തി’ ആചരിക്കുന്നതിനുള്ള ബാനറുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പ്രതികളിൽ ഒരാളായ സഞ്ജയ്, ചിക്കമംഗളൂരു മല്ലേഗൗഡ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പൊലീസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.

أحدث أقدم