ചെന്നൈയിൽ ഇൻഷുറൻസ് തുകയ്ക്കുവേണ്ടി പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി മക്കൾ അറസ്റ്റിൽ





ചെന്നൈ: അൻപത്തിയാറുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.
മക്കളായ മോഹൻരാജ്(26), ഹരിഹരൻ(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവള്ളൂർ പോത്താട്ടൂർപേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇ.പി. ഗണേശനാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ പാമ്പ് കടിയേറ്റ് മരിച്ചത്.

വീട്ടിൽവച്ച് പാമ്പുകടി ഏറ്റുവെന്നായിരുന്നു മൊഴി. അപകടമരണമായി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഗണേശന്റെ പേരിൽ ഉയർന്ന തുകയുടെ ഒട്ടേറെ പോളിസികൾ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇൻഷുറൻസ് കമ്പനി അധികൃതർക്ക് സംശയത്തിനിടയാക്കിയത്. ഇതോടെ ഇൻഷുറൻസ് കമ്പനി തമിഴ്‌നാട് നോർത്ത് ഐജിക്ക് പരാതി നൽകി.

ഈ അന്വേഷണത്തിലാണ് ഇൻഷുറൻസ് തുകയ്ക്കായി മക്കൾ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. കൊലപാതകത്തിന് മുൻപായി പ്രതികൾ അച്ഛന്റെ പേരിൽ മൂന്നുകോടിയോളം രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്.


ചില സഹായികൾ വഴി വിഷപ്പാമ്പിനെ എത്തിച്ചു. മൂർഖനെ ഉപയോഗിച്ച് അധ്യശ്രമത്തിൽ പിതാവിന്റെ കാലിൽ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേൽക്കാത്തതിനാൽ കൊലപാതകശ്രമം പാളിപ്പോയി. തുടർന്ന് ഗണേശനെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.

ഇതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെയാണ് ഇത്തവണ പ്രതികൾ എത്തിച്ചത്. തുടർന്ന് സംഭവദിവസം പുലർച്ചെ അച്ഛൻ ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തിൽ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികൾ തന്നെ അടിച്ചുകൊന്നു.

സംഭവത്തിൽ ഗണേശന്റെ രണ്ട് മക്കൾക്ക് പുറമേ ഇവർക്ക് സഹായം നൽകിയ നാലുപേരെയും പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്.



Previous Post Next Post