മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ബലൂണ്‍ വില്‍പനക്കാരന് ദാരുണാന്ത്യം




മൈസൂരു : മൈസൂരു കൊട്ടാരത്തിന് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ബലൂണ്‍ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.

ബലൂണ്‍ വില്‍പ്പനക്കാരനാണ് മരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബലൂണ്‍ വാങ്ങാനെത്തിയ വ്യക്തിയും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. 

ക്രിസ്മസും അവധി ദിനവുമായതിനാല്‍, വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തിങ്ങി നിറഞ്ഞ പ്രദേശത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൊട്ടാരത്തിന്റെ ജയമാര്‍ത്താണ്ട ഗേറ്റിന് സമീപം പോപ്കോണ്‍, നിലക്കടല, ഗ്യാസ് ബലൂണുകള്‍ എന്നിവ വില്‍ക്കുന്ന കച്ചവടക്കാര്‍ തിങ്ങി നിറഞ്ഞ സ്ഥലത്തായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. 

ബലൂണില്‍ ഹീലിയം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. അപകടം ബലൂല്‍ വില്‍പ്പനക്കാരന്റെ മരണത്തില്‍ കലാശിച്ചതായും പോലീസ് കമ്മീഷണര്‍ സീമ ലട്കര്‍ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ പൊലീസിന്റേയും ബോംബ് സ്‌ക്വാഡിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി.

Previous Post Next Post