'പോയവര്‍ മടങ്ങി വരണം'; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന





തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്. കേരളത്തിന്റെ മനസ് യുഡിഎഫിന് ഒപ്പമാണെന്നും മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത്.

യുഡിഎഫ് വിട്ട് പോയവര്‍ തിരിച്ച് വരണമോ എന്ന് ചിന്തിക്കേണ്ട സമയമാണ്. തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നുള്ള സൂചനയാണ് കെപിസിസി പ്രസിഡന്റ് നല്‍കുന്നത്. പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇനി സാങ്കേതികത്വം മാത്രമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പിവി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാനാണ് നീക്കം. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

ആര്‍ക്കെതിരെയും ഞങ്ങള്‍ കതക് അടച്ചിട്ടില്ലെന്ന് കോട്ടയത്തെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം യുഡിഎഫിന് ഒപ്പം ചേരണമെന്നാണ് ആഗ്രഹം. ജനാധിപത്യശക്തികളുടെ കേന്ദ്രീകരണമാണ് വേണ്ടത്. ജനഹിതം അറിഞ്ഞ് പോസിറ്റീവ് പൊളിറ്റിക്‌സാണ് സ്വീകരിക്കണം. യുഡിഎഫ് ദുര്‍ബലമായതു കൊണ്ടല്ല കേരള കോണ്‍ഗ്രസിനെ ക്ഷണിക്കുന്നത്, മുന്നണി ശക്തമാണെന്നും തിരുവഞ്ചൂരും വ്യക്തമാക്കുന്നു.
Previous Post Next Post