
വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ ആക്രമണം. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പേട്ട സ്വദേശിയായ 60 കാരൻ റോയ്ക്കാണ് തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റത്. ചിറയിൻകീഴ് സ്വദേശിയായ നിധിൻ (30) പൂന്തുറ സ്വദേശി ജോയ് (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. മദ്യലഹരിയിലായിരുന്നു പ്രതികളുടെ ആക്രമണം. ബിയർ കുപ്പി കൊണ്ട് പലതവണ പ്രതികൾ റോയിയുടെ തലയിൽ അടിക്കുകയായിരുന്നു. പ്രതികൾ ക്രൂരമായി മർദ്ദിക്കുന്നതിൻറെ സിസിടിവി ദൃശ്യവും പുറത്ത് വന്നു.