
എലപ്പുള്ളി ബ്രൂവറി അനുമതി ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി റദ്ദാക്കിയത്. ആവശ്യമായ രേഖകളുമായി അപേക്ഷ നൽകിയാൽ പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയിൽ സർക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രൂവറിക്ക് അനുമതി നൽകിയത് അബ്കാരി അക്ടിന് എതിരെന്ന വാദം കോടതി അംഗീകരിച്ചില്ല. അനുമതിക്ക് പഞ്ചായത്തിന്റെ അംഗീകാരം വേണമെന്ന വാദവും കോടതി തള്ളി. ബ്രൂവറി പ്ലാന്റിന് ആവശ്യമായ വെള്ളം വാട്ടർ അതോറിറ്റി കൊടുക്കാമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ അതിൽ നിന്ന് പിന്നാക്കം പോയി. ഇതേതുടർന്നാണ് കോടതി അനുമതി റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു