ജോലിയ്ക്കെത്തിയ ഹരിത കർമ്മ സേനാ പ്രവർത്തകരെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു.. പുന്നപ്രയിൽ സ്ഥാനാർത്ഥിയ്ക്കെതിരെ പരാതി..


അമ്പലപ്പുഴ: ജോലിക്കിടെ ഹരിത കർമ്മ സേനാ പ്രവർത്തകരെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത സ്ഥാനാർത്ഥിക്കെതിരെ പരാതി.പുന്നപ്ര തെക്ക് പഞ്ചായത്ത് 19-ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി ഫ്രാൻസിസ് ആൻ്റണിയ്ക്കെതിരെയാണ് വാർഡിലെ ഹരിത കർമ സേനാ പ്രവർത്തകരായ അറക്കൽ ജാൻസി ലക്സിൻ, കൊല്ലാ പറമ്പിൽ സൂസമ്മ എന്നിവർ പുന്നപ്ര പൊലീസിൽ പരാതി നൽകിയത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ജോലിയുടെ ഭാഗമായി പുന്നപ്ര വാവക്കാട് പൊഴിക്ക് സമീപം ഒരു വീട്ടിൽ മാലിന്യ ശേഖരണം നടത്തുന്നതിനിടെ സ്ഥാനാർത്ഥി ഇവരോട് അസഭ്യം പറയുകയും ആക്ഷേപിക്കുകയുമായിരുന്നു.ഇതിന് മുൻപ് പല തവണ ഇദ്ദേഹം ഇവർക്ക് നേരെയും ഹരിത കർമ സേനയിലെ മറ്റ് പ്രവർത്തകരോടും സമാന രീതിയിൽ ആക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. പരാതിക്കാരിയായ ജാൻസി ലക്സിൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വാർഡിൽ മത്സരിച്ചിരുന്നു. ഫ്രാൻസിസ് ആൻ്റണിയുടെ ഭാര്യയാണ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

ഭാര്യയ്ക്ക് ഭൂരിപക്ഷം കുറഞ്ഞത് താൻ മത്സരിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് തനിക്കു നേരെ പല തവണ ഈ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. മുൻപ് നടന്ന ആക്ഷേപത്തിനെതിരെ പഞ്ചായത്തിലും പരാതി അറിയിച്ചിരുന്നതായി ഹരിത കർമ്മ സേനാ പ്രവർത്തകർ പറഞ്ഞു.പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയിൽ ഹരിത കർമസേനയിലെ മറ്റ് 22 പ്രവർത്തകരും ഒപ്പിട്ടിട്ടുണ്ട്.
സ്ഥാനാർത്ഥിയ്ക്കെതിരെ വനിതാ കമ്മീഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.
ജാൻസിയുടെ പരാതിയിൽ തടഞ്ഞു നിർത്തിയതിന് (296) , (ഭീഷണിപ്പെടുത്തിയതിന്
351/2) , കൈയ്യേറ്റത്തിന് ശ്രമിച്ചതിന് (130) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

Previous Post Next Post