​വസ്തുത അറിയാതെ സംസാരിക്കരുത്; മുഖ്യമന്ത്രിക്ക് മറുപടി നൽകി ഡി.കെ. ശിവകുമാർ


ബെംഗളൂരുവിലെ ചേരി പൊളിച്ചതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി. പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണെന്നും,  അദ്ദേഹത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ വസ്തുതകൾ അറിയാതെ വിഷയത്തിൽ ഇടപെടരുതെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പിണറായി വിജയനെതിരെ രം​ഗത്തെത്തിയത്. ഒരു സമൂഹത്തെയും ലക്ഷ്യം വച്ചല്ല, പൊതുഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കോൺഗ്രസ് ശിവകുമാർ പറഞ്ഞു. രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകൾ ആദ്യം ബെംഗളൂരുവിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചിരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും പൊളിച്ചുമാറ്റിയതിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. വടക്കേ ഇന്ത്യയിൽ മുമ്പ് കണ്ടിരുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയത്തിന്റെ രൂപമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി ആരോപിച്ചു, ഇപ്പോൾ അത്തരം രീതികൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് ഇത്തരം നിർബന്ധിത കുടിയിറക്കങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

പ്രസ്തുത പ്രദേശം കൈയേറ്റമാണെന്നും മാലിന്യക്കൂമ്പാരമാണെന്നും, അതിനെ ചേരിയാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഭൂമാഫിയ താൽപ്പര്യങ്ങളാണെന്നും ശിവകുമാർ മറുപടി നൽകി. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ആളുകൾക്ക് പുതിയ സ്ഥലങ്ങളിലേക്ക് മാറാൻ ഞങ്ങൾ അവസരം നൽകി. അവരിൽ ചുരുക്കം ചിലർ മാത്രമേ തദ്ദേശീയരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ബെംഗളൂരുവിലെ പ്രശ്നങ്ങൾ അറിയണം. ഞങ്ങൾക്ക് ഞങ്ങളുടെ നഗരം നന്നായി അറിയാം, ഭൂമാഫിയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചേരികളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Previous Post Next Post