നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ


നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ 3 പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്പ് ചെയ്തവർ ഉൾപ്പെടെ മൂന്ന് പേരെയാണ് തൃൂശൂർ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി പോലീസ്  കണ്ടെത്തി. ബി എൻ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പോലീസ്  നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പോലീസ്  കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Previous Post Next Post