ബാങ്കോക്കിൽ നിന്ന് ബിസിനസ് ജെറ്റിൽ പറന്നെത്തി.. വോട്ട് ചെയ്ത് എംഎ യൂസഫലി…


ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ത്രിതല പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ ജന്മനാടായ നാട്ടികയിലേക്ക് എത്തിയത് ബാങ്കോങ്ങിലെ ബിസിനസ് തിരക്കുകൾക്കിടയിൽ നിന്നാണ്.

ബാങ്കോക്കിൽ ലുലുവിൻ്റെ പുതിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തായ്‍ലൻഡ് വാണിജ്യ മന്ത്രി നിർവഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എംഎ യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം നാട്ടികയിലെത്തി.

നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എംഎൽപി സ്കൂളിൽ വൈകീട്ടോടെ അദ്ദേഹം എത്തി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥിയായ കെഎ ഷൗക്കത്തലി, ബിജെപി സ്ഥാനാർഥി പിവി സെന്തിൽ കുമാർ, എൽഡിഎഫ് സ്ഥാനാർഥിയായ ഐപി മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർഥികളോട് കുശലാന്വേഷണം നടത്തി പിന്നീട് വോട്ട് രേഖപ്പെടുത്തിയാണ് ബൂത്തിൽ നിന്ന് പുറത്തേക്കിറങ്ങിയത്.ഒരു പൗരനെന്ന നിലയിൽ തന്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നതെന്നും ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. പഞ്ചായത്ത് മെമ്പർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. ഒരു കച്ചവടക്കാരനും വാർഡ് മെമ്പറും ഒരുമിച്ച് നിന്നാൽ വാർഡ് മെമ്പറിനാണ് മുൻഗണന നൽകേണ്ടത്. അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണെന്നും യൂസഫലി ഓർമിപ്പിച്ചു.

Previous Post Next Post