അവസാന നിമിഷം തീരുമാനം മാറ്റി; കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്. ഇന്ന് വൈകിട്ട് 3 മണിക്കായിരുന്നു വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ അവാർ‌ഡ് പ്രഖ്യാപനം നടത്താൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കാരണം വ്യക്തമാക്കാതെ തീരുമാനം മാറ്റിയത്. അവാർ‌ഡ് പ്രഖ്യാപനം നടത്താനായി ക്ഷണിച്ചത് അനുസരിച്ച് ഡൽഹിയിലെ അക്കാദമി ആസ്ഥാനത്തേക്ക് മാധ്യമപ്രവർത്തകർ ഉൾപ്പെടെ എത്തിയിരുന്നു. വാർത്ത സമ്മേളനം നടത്താൻ വെറും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് അവാർഡ് പ്രഖ്യാപനം മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചത്.

കാരണമൊന്നും വ്യക്തമാക്കാതെയാണ് ഇത്തരത്തിൽ പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചത്. ഒരു അസാധാരണ ഇടപെടൽ ഉണ്ടായതായാണ് ആക്ഷേപം. കേരളത്തിൽ നിന്നുള്ള പത്ത് പുസ്തകങ്ങൾ അവാർഡിനായി പരിഗണിച്ചിരുന്നു. ഇതിൽ മലയാളത്തിൽ നിന്ന് എൻ പ്രഭാകരന്റെ മായാമനുഷ്യൻ എന്ന നോവലിനാണ്. ഇതുൾപ്പെടെയുള്ള അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് അസാധാരണ നടപടി ഉണ്ടായത്. അവാർഡ് നിർണയവുമായി ബന്ധപ്പെട്ട അന്തിമ യോഗങ്ങൾ ഇന്ന് രാവിലെ ചേർന്നിരുന്നു. ഇതിനുശേഷവും മൂന്ന് മണിയ്ക്ക് അവാർഡുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. അവാർഡ് പ്രഖ്യാപനം മാറ്റിയതിനു പിന്നിലെ കാരണം അധികൃതർ അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Previous Post Next Post